Saturday, December 19, 2009

സുന്ദരിചെല്ലമ്മ
ചെല്ലമ്മ മരിച്ചു. സുന്ദരിചെല്ലമ്മ .അനന്തപുരിയുട പാതവക്കത്ത്‌ പദ്മനാഭനെ
നമസ്കരിച്ചതുപോലെ തണുത്ത്‌ വിറങ്ങലിച്ചു കിടന്നു- ഒട്ടും സുന്ദരമാല്ലാതെ സുന്ദരി ചെല്ലമ്മയുടെ ശരീരം.
എന്നും രാവിലെ സുന്ദരിചെല്ലമ്മ ശ്രീകോവിലിനു മുന്നിലെത്തും. ദേവനെ തൊഴാനല്ല. പൊന്നുതമ്പുരാനെ ഒരു നോക്ക് കാണാന്‍. അന്‍പത്തൊന്നു സംവത്സരങ്ങള്‍ ..... ഒരുദിവസം പോലും മുടങ്ങാതെ ചെല്ലമ്മ ശ്രീകൊവിലിനുമുന്നിലെത്തും. ദേഹം ശുചിയാക്കി, ശുഭ്രവസ്ത്രം ധരിച്ച് സര്‍വാഭരണ വിഭൂഷിതയായി പൊന്നുതമ്പുരനെ ഒരുനോക്കു കാണാന്‍. അദ്ദേഹത്തിന്റെ മിഴിമുന തന്റെ നേര്‍ക്ക് നീളുന്നതും കാത്ത്.... അര നൂറ്റാണ്ടോളം പ്രഭാതങ്ങള്‍ ...ഒരിക്കല്‍ പോലും തമ്പുരാന്‍ ചെല്ലമ്മയെ കണ്ടില്ല. എങ്കിലും ചെല്ലമ്മ വരും. തമ്പുരാട്ടിയെ പോലെ .. പ്ട്ടമഹിഷിയെപ്പോലെ....
ചെല്ലമ്മക്ക് ഇരുപത്തൊന്നു തികഞ്ഞപ്പോഴായിരുന്നു ആ "സുദിനം'. നല്ല സംഗീത അദ്ധ്യാപിക. അഞ്ജന ശ്രീധരാ.. ചാരുമൂര്തെ കൃഷ്ണാ ... അഞ്ജലി കൂപ്പി ....നല്ല ഈണമാണ് കേള്‍ക്കാന്‍. ഒരു തിരുനാള്‍ ദിനത്തില്‍ തിരുമനസ്സുകൊണ്ട്‌ കുട്ടികള്‍ക്കും ടീച്ചര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ഒരു കസവ്നേരിയത് . ചെല്ലമ്മക്ക് അത് വെറും സമ്മാനമായിരുന്നില്ല. തന്റെ 'പുടവകൊട' ആയിരുന്നു. അങ്ങനെ ചെല്ലമ്മ 'തമ്പുരാട്ടിയായി. "പട്ടമഹിഷി"യായി. ആ 'പുടവകൊട' ചെല്ലമ്മയുടെ മനസ്സില്‍ ആന്തോളനങ്ങള്‍ സൃഷ്ടിച്ചു. ചെല്ലമ്മ അടിമുടി മാറുകയായിരുന്നു. തമ്പുരാട്ടി യുടെ "സ്റ്റാറ്റസ്' നോക്കണ്ടേ? ആ ഹൃദയം തിരുമനസ്സിനായിതുടിച്ചു . അദ്ദേഹത്തിനായി മാത്രം ചെല്ലമ്മ ചിരിച്ചു ..... അദ്ദേഹത്തിനായി മാത്രം ചെല്ലമ്മ ശ്വസിച്ചു .. അദ്ദേഹത്തിനായി മാത്രംപാടി ... ആടി...... എല്ലാം തിരുമനസ്സിനായി........ശിഷ്യ ഗണങ്ങള്‍ പരിഭ്രാന്തരായി. ചെല്ലമ്മയുടെ ജോലിയും പോയി .
ഒന്നുമറിയാതെ ,ഒന്നുമോര്‍ക്കാതെ എല്ലാ പ്രഭാതത്തിലും ചെല്ലമ്മ അണിഞ്ഞൊരുങ്ങി മുല്ലമാല ചൂടി കാത്ത് നിന്നു. തന്റെ പൊന്നു തമ്പുരാനെ കാണാന്‍. ദിവസങ്ങള്‍... മാസങ്ങള്‍... വര്‍ഷങ്ങള്‍ .... സംവത്സരങ്ങള്‍... ചെല്ലമ്മ കാത്തിരുന്നു. കാതോര്‍ത്തിരുന്നു. വില്ലുകെട്ടിയ കുതിര വണ്ടിയുടെ, ശംഖുമുദ്രയുള്ള കാറിന്റെ ഒച്ച കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നു. ...
ആഭരണങ്ങള്‍ നിറയെ അണിഞ്ഞു ചെല്ലമ്മ. വളപ്പൊട്ടുകളും , വര്ണക്കടലാസ്സും കൊണ്ട് മാല ചാര്‍ത്തി . കൈനിറയെ കുപ്പിവളകളണിഞ്ഞു കാത്തിരുന്നു. കീറി പറിഞ്ഞ "പട്ടുചേല'-നാട്ടുകാര്‍ മൂക്ക് പൊത്തി. അംബിക ടീച്ചര്‍ മാത്രം ചെല്ലമ്മയെ മറന്നില്ല തന്‍റെകൂട്ടുകാരിക്ക് ഇഷ്ട്ടപ്പെട്ട "പാലപ്പവും" കൊണ്ട് ടീച്ചര്‍ ശ്രീകോവില്‍ നടയിലെത്തും .
അന്ന് രാവിലെ ആരോ പറയുന്നതു കേട്ടു "സുന്ദരിചെല്ലമ്മ...അതിന്റെ ഒരു യോഗം! നീരുവീങ്ങിയ കാലുമായി അംബിക ടീച്ചര്‍ പോയി. തന്‍റെ കൂട്ടുകാരിയെ അവസാനമായി ഒന്ന് കാണാന്‍.ഒന്നേ നോക്കിയുള്ളൂ ... അഞ്ജന ശ്രീധരാ .... ചാരുമൂര്തെ കൃഷ്ണാ ......
നഗരസഭയുടെ "തേരില്‍" പട്ടമഹിഷി അന്ത്യയാത്രയായി. "ശാന്തികവാടത്തില്‍ " രാമച്ചവും . ചന്ദന തൈയിലവുമില്ലാതെ 'ഒരു തമ്പുരാട്ടിക്ക് ചിതയൊരുങ്ങി. അംബിക ടീച്ചര്‍ മാത്രം സാക്ഷി.. കൂട്ടുകാരീ ഇനിയൊരു ജന്മമുണ്ടെങ്കില്‍ .............................................................................................

" ഉണ്ണിമായെ, എന്‍റെ സുന്ദരി ചെല്ലമ്മയെപ്പറ്റി ഒന്നെഴുതൂ ! എന്താ അത്? "ബ്ലോഗോ?"അംബിക ടീച്ചര്‍ പറഞ്ഞു . ............... ഉണ്ണിമായ എഴുതാന്‍ തുടങ്ങി .... രാജപരമ്പരയിലില്ലാത്ത പട്ടമഹിഷിയെപ്പറ്റി................... ഉണ്ണിമായ എഴുതാന്‍ തുടങ്ങി....... . എഴുത്തിന്‍റെ ബാലപാടം അറിയാത്ത ഉണ്ണിമായ .........

5 comments:

 1. ambika teacher paranja kadha.....ningalkkayi!!

  ReplyDelete
 2. സുന്ദരിച്ചെല്ലമ്മ ഒരു വെറും കഥയോ കഥാപാത്രമോ അല്ല. അനന്തപുരിക്കാർക്ക് അവർ സുപരിചിതയായിരുന്നു. ഇപ്പോഴും സുന്ദരിച്ചെല്ലമ്മയെക്കുറിച്ച് ഓർമ്മിക്കുവാൻ ഈ കുറിപ്പ് സഹായകരമായി, ഒരു നല്ല കഥ പോലെ. വളരെ നല്ല ഒഴുക്കുള്ള ശൈലി,നന്നായി തുടരണം...ആശംസകൾ...

  ReplyDelete
 3. ആദ്യമായാണ് സുന്ദരി ചെല്ലമ്മയെ കുറിച്ച് കേള്‍ക്കുന്നത്

  ReplyDelete
 4. ഒരിക്കലും നടക്കാത്ത സ്വപ്നങ്ങള്‍ക്കായി ജീവിതം ഹോമിക്കുന്നവര്‍ എന്നും എക്കാലവും എവിടെയും അല്ലേ?

  നല്ല അവതരണം
  നല്ല ഭാഷ
  എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
 5. വളരെ ഹൃദയ സ്പര്‍ശിയായ ജീവിത കഥ ! നന്നായി പറഞ്ഞു ..
  keep posting .. regards..

  ReplyDelete