Saturday, July 24, 2010
എന്റെ സ്വന്തം അമൂല്യയ്ക്ക്

ഇന്ന് അപർണ്ണയുടെ വിവാഹമായിരുന്നു. എന്റെ അമൂല്യയുടെ മകൾ...... അമൂല്യയെപ്പോലെ തന്നെ സുന്ദരി... എങ്കിലും അമൂല്യയുടെ കണ്ണിന്റെ ആ പ്രത്യേകതയുണ്ടല്ലോ, അത് മകൾക്ക് കിട്ടിയില്ല. അമൂല്യയുടെ മൂക്കിനൊരു പ്രത്യേകതയുണ്ട്. അഭംഗിയാണ്. എന്നാലോ, ആ സുന്ദരമായ മുഖത്തിന് ആ മൂക്ക് ഇണങ്ങുന്നതായി തോന്നും. ആ കണ്ണുകള് , പാതിയടഞ്ഞ – ദുഃഖം ഘനീഭവിച്ച പോലെ. അപര്ണ്ണയുടെ മൂക്ക് കാണാന് നല്ല ശേലാ... വധുവിന്റെ വേഷത്തില് അപര്ണ്ണയെ കണ്ടപ്പോള് ഓ! ഒരു നിമിഷം.... ഒന്നു പകച്ചു. എന്റെ അമൂല്യ തന്നെ... അടുത്തു വന്നു കരം ഗ്രഹിച്ചവള് പറഞ്ഞു, “ആന്റി എന്താ താമസിച്ചത്?”.... നിറയുന്ന കണ്ണുകള് കൈലേസുകൊണ്ടൊപ്പി. നല്ല തിരക്കായിരുന്നു, മോളേ. പലേടത്തും ട്രാഫിക്ക് പ്രോബ്ലം. "
മനസ്സ് പിന്നോട്ട് പായുകയായിരുന്നു. ആദ്യമായി അമൂല്യയെ കണ്ട ദിവസം. പത്താം തരം കഴിഞ്ഞ് പ്രീഡിഗ്രിക്ക് ചേര്ന്ന ദിവസം.ഗ്യാലറി ക്ലാസ്സിലാണ്.തന്റെ തൊട്ടടുത്തിരുന്ന സീറ്റില് അമൂല്യ വന്നിരുന്നു.സുന്ദരമായ ആ മുഖം മനസ്സിനെ വല്ലാതെ ആകര്ഷിച്ച പോലെ. “കുട്ടി ഏതു സ്ക്കൂളീന്നാ?”, ഞാന് വാചാലയായി.... “സെന്റ് റൊച്ചസ് ഹൈസ്കൂൾ, കുട്ടിയോ?” “സെന്റ് മേരീസീന്നാ”. രണ്ട് പേർക്കും ഡിസ്റ്റിൻക്ഷൻ, രണ്ട് പേർക്കും മലയാളത്തിനു റാങ്ക്. അങ്ങനെ പലേ സമാനതകളും.... അമൂല്യക്ക് അച്ഛനില്ല. അമ്മ മാത്രമേ ഉള്ളൂ. “കുട്ടീ, എനിക്ക് അച്ഛനും അമ്മയും ഇല്ല...മുത്തശ്ശനും മുത്തശ്ശിയുമേ ഉള്ളൂ... അങ്ങനെ.. അങ്ങനെ... ഞങ്ങൾ കൂട്ടുകാരായി, സഹോദരിമാരായി... പിന്നെ ഞങ്ങൾ മാത്രമായ എന്തോ ഒന്നായി....

രണ്ടേ രണ്ട് വർഷം.ഒരേ ക്ളാസ്സിൽ അടുത്തടുത്തിരുന്ന് പഠിക്കുന്ന സമയം ഒഴികെ എപ്പോഴും കലപില പറഞ്ഞ്, പുസ്തകങ്ങൾ വായിച്ച്...കവിതകൾ ചൊല്ലി... അങ്ങനെ രണ്ട് വർഷം. ആ രണ്ട് വർഷം ഒരായുസ്സിലെ വിശേഷങ്ങൾ... ഞങ്ങൾ പറഞ്ഞു...ഞാനും അമൂല്യയും... ഞങ്ങൾ രണ്ടല്ല... ഒന്നായിരുന്നു... അദ്വൈതം... കോളേജിലെ വിശേഷദിവസങ്ങളിൽ ഞങ്ങൾ ഒരുമിച്ചു പാടി... നൃത്തം വച്ചു...എല്ലാം ഒരുമിച്ച്....ഒരുപോലെ....പിന്നീട് രണ്ട് പേരും രണ്ട് വഴി...ഞാൻ നിയമ പഠനത്തിനും...അമൂല്യ,വൈദ്യപഠനത്തിനും.....പക്ഷേഞങ്ങൾ വേർപിരിഞ്ഞില്ല...മിക്കാവാറും..അവധി ദിവസങ്ങളിൽ അമൂല്യ വരും...പോകുന്നത് വരെ ഞാൻ ഒരോന്നു വായിച്ചു കൊടുക്കണം.… കഥകളും...കവിതകളും....എല്ലാം...എന്റെ മടിയിൽ തലവച്ചു കിടക്കും അമൂല്യ.

"സ്വർണ്ണത്തളിക പോലുള്ള ആ മുഖം.....അതിൽ പതിയുന്ന കുഴിനഖം കുത്തിയ കാലടികൾ"... ഉറൂബിന്റെ 'അണിയറ'...അമൂല്യാ നിന്റെ മുഖം സ്വർണ്ണത്തളിക പോലെയാണു...പേടിയാകുന്നു ഉണ്ണിമായേ... “കുഴിനഖം കുത്തിയ കാലടികൾ.... ഇതു കഥയല്ലേ। ഉറൂബിന്റെ സങ്കൽപ്പത്തിലെ.... പതറാതെ കത്തുന്ന പന്തം പോലെ ശരദ.....” ഞാൻ വായന തുടർന്നു। “ഉണ്ണിമായേ, നീ പതറാതെ കത്തണം...പന്തം പോലെ...” ഈശ്വരാ...ഒന്നും ഒർക്കാൻ വയ്യ.....
നിലീനയുടെ ഫോൺകോളാണ ഉണർത്തിയത്... നേരം വെളുക്കുന്നതേയുള്ളൂ.... “...ഉണ്ണിമായയല്ലേ... ഞാൻ നിലീന..." "എന്താടീ രാവിലെ ഉറങ്ങാൻ സമ്മതിക്കാതെ ” ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ ഞാൻ.... “നമ്മുടെ അമൂല്യ... ഹാർട്ട് അറ്റാക്കായിരുന്നു".... ഈശ്വരാ... തൊണ്ട വരളുന്നു.... ദേഹം തളർന്നു...ഒരു തുള്ളി കണ്ണുനീർ പോലും വരുന്നില്ല.... ഒന്നുറക്ക കരയാൻ പോലും കഴിയാതെ ഞാൻ... അമൂല്യാ... കാറിന്റെ പിൻസീറ്റിൽ തളർന്നു കിടന്നു। ഒടുവിൽ....അവസാനമായി ഞാൻ കണ്ടു..... "സ്വർണ്ണത്തളിക പോലെയുള്ള ആ മുഖം...." ഒന്നേ നോക്കിയുള്ളൂ... ഒന്നേ നോക്കാൻ കഴിഞ്ഞുള്ളൂ... എന്നെ ഒറ്റക്കാക്കി അല്ലേ...
അപർണ്ണയുടെയും ആകാശിന്റെയും നിലവിളികൾക്കിടയിൽ എന്റെ അമൂല്യയുടെ ദേഹം 'തീനാളമായി'. ഈശ്വരാ... എത്രയോ രാത്രികൾ... ഉറങ്ങാൻ കഴിയാതെ...ഞാൻ പ്രസവിക്കാത്ത എന്റെ....അമൂല്യയുടെ മക്കൾക്കായി...പ്രാർത്ഥിച്ച്....ഈശ്വരാ ശക്തി തരണമേ!....

രണ്ടുപേരും ഇന്ന് ഡോക്ടർമാരായി. അമൂല്യയുടെ ആഗ്രഹവും അതായിരുന്നുവല്ലോ. ഡോക്ടറായെങ്കിലും അമൂല്യ എന്നും വീട്ടമ്മ മാത്രമായിരുന്നല്ലോ. തലേ ദിവസം ഉച്ചയ്ക്കും ഞാൻ ഒഫീസ്സിൽ നിന്നും വിളിച്ചു...."എനിയ്ക്ക് നല്ല ക്ഷീണം തോന്നുന്നു ഉണ്ണിമായേ... ഷുഗർ കൂടിയതാവും....”
“നിനക്കൊന്നു ശ്രദ്ധിച്ചുകൂടെ അമൂല്യേ...നീ ഇനി എന്നാണു സ്വന്തം കാര്യം നോക്കുന്നത്?” ശരിക്കും ഞാൻ ദേഷ്യപ്പെട്ടു.
“ഒന്നുമില്ല, ഒന്നുറങ്ങി എണീറ്റാൽ മാറും". രാത്രി വീണ്ടും വിളിയ്ക്കാൻ തോന്നിയില്ല. ശല്യപ്പെടുത്തേണ്ട പാവം ഉറങ്ങട്ടേ എന്നു കരുതി. പക്ഷേ പിന്നീടൊരിക്കലും …. ഉണരില്ല എന്നെനിയ്ക്ക്....വല്ലാത്ത ഒരു വിങ്ങൽ...തേങ്ങിപ്പോയി...
"മാഡം, എന്താ, എന്തുപറ്റി?”, ഡ്രൈവർ ഗോപാലകൃഷ്ണൻ വണ്ടി ഓരം ചേർത്ത് നിർത്തി.
“ഇത്തിരി വെള്ളം കുടിക്കണമെന്ന് തോന്നുന്നു".... ഗോപാലകൃഷ്ണൻ അടുത്ത കടയിലേയ്ക്കോടി..... കാറിന്റെ ഉള്ളിലെ മിററിൽ തന്റെ മുഖം കണ്ടു.... തനിക്ക് വയസ്സായിരിക്കുന്നു....വെള്ളിക്കമ്പികൾ പാകിയ തലമുടി.... അമൂല്യാ.. നീ പോയിട്ട് നാളേറെയായി എന്നോർമ്മിപ്പിക്കുന്ന വെള്ളിക്കമ്പികൾ....
അന്നവൾ കുട്ടിയായിരുന്നല്ലോ, അപർണ്ണ.... ഇന്നവളുടെ വിവാഹമായിരുന്നല്ലോ... അനുഗ്രഹത്തിനായി അവൾ തന്റെ പാദം തൊട്ടപ്പോൾ തേങ്ങലടക്കാൻ പാടുപെട്ടു... അമൂല്യാ, എന്നും ഞാൻ നിന്റെ മകളോടൊപ്പമുണ്ടായിരുന്നു . അകലെയെങ്കിലും... അവരുടെ കുഞ്ഞു മനസ്സുകൾക്ക് തങ്ങായി.... അല്ലാതെന്തു ചെയ്യാൻ?... പ്രാർത്ഥന... അതു മാത്രമേയുള്ളൂ നല്കാൻ... അമൂല്യാ.... നീ എവിടെയാ.... അപർണ്ണയെ കണ്ടോ, നിന്നെപ്പോലെതന്നെ സുന്ദരി....സ്വർണ്ണത്തളിക പോലെ … ഈശ്വരാ, എന്റെ മകൾക്ക്.... എന്റെ അമൂല്യയുടെ മകൾക്ക്... എല്ലാ ഐശ്വര്യങ്ങളും....
"മാഡം വെള്ളം കുടിക്കണം, ഒന്നു മുഖം കഴുകിയാൽ മതി, ക്ഷീണം കാണും. രാവിലെ പുറപ്പെട്ടതല്ലേ...”
വെള്ളം കുടിച്ചു.... മുഖം കഴുകി.... ഈശ്വരാ! കണ്ണറച്ചു പിറകോട്ടു ചാരിയിരുന്നു.... കാർ മുന്നോട്ട് നീങ്ങി...... അമൂല്യാ, ഇനി എത്ര നാൾ? നിന്റെയടുത്തെത്താൻ.... ഇനിയെത്ര നാൾ?....
===========================================================================