Saturday, April 10, 2010

സ്വപ്നം! വെറുമൊരു സ്വപ്നം?


സ്വപ്നം! വെറുമൊരു സ്വപ്നം?


ടൈഗർ നിറുത്താതെ കുരയ്ക്കുകയാണല്ലോ. മഴയും തകർത്ത് പെയ്യുന്നു… ഉടനെ യൊന്നും തോരുന്നലക്ഷണമില്ല… നനഞ്ഞാൽ ടൈഗറിന് ഭയങ്കര ദേഷ്യമാണ്… നിറുത്താതെ കുരച്ചു കൊണ്ടേയിരിക്കും…. “ഉണ്ണിക്കുട്ടാ, അവനെ ഒന്നഴിച്ചു മാറ്റി കെട്ടു മോനേ, നനയാത്തിടത്തേയ്ക്ക്..” നിയമപുസ്തകത്തിൽ മുഖംതാഴ്ത്തിയിരിക്കുകയാവും…. ഇപ്പോൾ കുര കേൾക്കുന്നില്ല…. മാറ്റി കെട്ടിക്കാണും…
മഴക്കാലമായാല്‍ തനിക്കിപ്പോള്‍ മുട്ടുവേദന കലശലാണ്, കാലുകള്‍ക്ക് നല്ല കഴപ്പും... പ്രായമേറിവരികയാണല്ലോ. ഉണ്ണിമായ ഓര്‍ത്തു. “മക്കള്‍ രണ്ടും പ്രായമായി. കൊച്ചുമക്കളും അവരോളമായി. അമ്മയ്ക്കിനി എന്താ വേണ്ടത്?" വിഷ്ണുമോന്‍ ചോദിക്കും. “ഈ മുട്ടുവേദന ഒന്നു മാറ്റിത്തരാമോ മോനേ?” താന്‍ തമാശയായി ചോദിക്കും. “അതിനു ഞാന്‍ വൈദ്യം
പഠിച്ചിട്ടില്ലല്ലോ അമ്മേ”.... എല്ലാത്തിനുംഅവന് ഉരുളയ്ക്കുപ്പേരിയുണ്ട്. സ്നേഹമുള്ളവനാ... എന്നാലും സന്തോഷം തോന്നുന്നുണ്ട്. എല്ലാപേരുംനന്നായിരിക്കുന്നത് കണ്ടാല്‍ മതി. “ലോക സമസ്താ സുഖിനോ ഭവന്തു....” മുത്തശ്ശന്‍ കുട്ടിക്കാലത്തേപ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചതങ്ങനെയാണല്ലോ. ഇന്നും മുടക്കമില്ലാതെ..... അസതോമാസദ്ഗമയാ...തമസോമാ ജോതിര്‍ഗമയഃ... മ്രൂ ത്യോര്‍മ അമൃതംഗമയഃ...ലോകാ സമസ്താ സുഖിനോഭവന്തു...

മഴ തകര്‍ത്തു പെയ്യുകയാണ്. ഒരു ഷാള്‍ എടുത്തു പുതച്ച് ജനാലയില്‍ല്‍ലൂടെ നോക്കി നിന്നു. മഴ എന്നുംതനിക്കിഷ്ടമായിരുന്നു....അന്നും ഭയങ്കര മഴയായിരുന്നു. സുനന്ദ അമ്മായിയുടെ തറവാട്ടിലേയ്ക്കുള്ള യാത്ര. ഇടയ്ക്കൊക്കെ നിര്‍ത്തിയാണ് അമ്മാവന്‍ കാറോടിച്ചത്. അത്രയ്ക്കു ഭയങ്കര മഴയായിരുന്നു. .... താനന്നു ലോകോളേജില്‍ പഠിക്കുകയായിരുന്നു. വെറുതെ ഒരു യാത്ര.... “ഉണ്ണിമായ വരുന്നോ എന്റെതറവാട്ടിലേയ്ക്ക്?... ബന്ധുവീടുകളിലൊക്കെയൊന്നു പോകണമെന്നു വിചാരിച്ചിട്ടെത്ര നാളായി... നിന്റെ അമ്മാവനെ കിട്ടണ്ടേ?..... അവധിയല്ലേ.... വാ കുട്ടീ... പോയി വരാമെന്നേ...” അമ്മായി സ്നേഹപൂര്‍വ്വംക്ഷണിച്ചപ്പോള്‍ നിരസിക്കാനായില്ല. യാത്രകള്‍ എന്നും തനിക്കു ഹരമായിരുന്നല്ലോ.... വഴിയോരക്കാഴ്ച്ചകള്‍!!!
ഒരുപാടു വീടുകളില്‍ കയറിയിറങ്ങി. “മഴയാണേങ്കിലും നിന്റെ അമ്മായിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാമെന്നു വച്ചു”, അമ്മാവന്‍ പറഞ്ഞു. ഒടുവില്‍ അമ്മായിയുടെ തറവാട്ടില്‍ നിന്നിറങ്ങുമ്പോള്‍കാറിന്റെ ഡിക്കി വായ പൊളിച്ചിരിക്കുന്നു.....മരച്ചീനി, ചക്ക, മാമ്പഴം, വാഴക്കുലകള്‍, കൈതച്ചക്ക, ചിലനാട്ടുമരുന്നുകള്‍, ചെടി തൈകള്‍...അങ്ങനെ നീളുന്നു ആ പട്ടിക. ‘നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം”... മനസ്സിലോര്‍ത്തു.
“സുനന്ദേ, നമ്മുടെ ദേവയാനിക്കു ദണ്ണം കലശലാണു കേട്ടോ.... പോകുന്ന വഴി ഒന്നു കയറിയിട്ടുപോയ്ക്കോളൂ. മനുഷ്യന്റെ കാര്യമല്ലേ കുട്ടീ! എപ്പോഴാണെന്നാര്‍ക്കറിയാം”. അമ്മായിയുടെ അമ്മ വേച്ചുവേച്ചു കൊട്ടിയമ്പലം വരെ വന്നു. ആകാശം പോലെ കുഞ്ഞമ്മാവന്റെ മുഖം ഇരുണ്ടു. “ഇനിയും വല്ലവീടുകളുമുണ്ടോ? അമ്മായി മുഖം വീര്‍പ്പിച്ചു. “ഇവിടുത്തെ രണ്ടാമത്തെ കവല കഴിഞ്ഞാല്‍വലത്തോട്ടുള്ള തടം നേരെ ചെല്ലുന്നത് ദേവയാനി ചെറിയമ്മയുടെ
വീട്ടിലേയ്ക്കാ. മുറ്റം വരെ കാറ് ചെല്ലും”, അമ്മായി എന്നെ നോക്കി കണ്ണിറുക്കി. അമ്മായിയുടെ വകയിലൊരു ചെറിയമ്മയാണത്രേ ദേവയാനിഎന്ന ദണ്ണക്കാരി.
മുറ്റത്തേയ്ക്ക് കാര്‍ കടന്നപ്പോഴേ ഞാന്‍ കണ്ടു... ആ വീട്... അതേ വീട്. ഒരു മാറ്റവും
ഇല്ലാതെ.... പഴയ ഓട് പാകിയ ഇരുനില വീട്.... ഗേറ്റ് കടന്നാല്‍ വാതില്‍ക്കല്‍ വരെയെത്തുന്ന സിമന്റ് പാത. “വാമോളേ”, അമ്മായി സ്നേഹപൂര്‍വ്വം വിളിച്ചപ്പോള്‍ ദേഹം തളരുന്നപോലെ. ... കൈ കാലുകള്‍തളരുന്നു.... ഈശ്വരാ... ഇതെന്താണിങ്ങനെ? അതേ വീട്... കുട്ടിക്കാലം മുതല്‍ താന്‍ കണ്ടിരുന്ന എല്ലാസ്വപ്നങ്ങളിലും പശ്ചാത്തലം ഈ വീടായിരുന്നല്ലോ... സ്വപ്നത്തില്‍ താന്‍ സ്ക്കൂളില്‍ പോയതും, കോളേജില്‍ പോയതും, കളിച്ചതും, വളര്‍ന്നതും എല്ലാം ഈ വീട്ടിലായിരുന്നല്ലോ... സ്വപ്നം പലതായിരുന്നെങ്കിലുംഎല്ലാ സ്വപ്നത്തിലും ഒരു പൊതു ഘടകം പോലേ.... ഈ വീട്....ഇതേ വീട്.. സുനന്ദ അമ്മായിയുടെ ദേവയാനിചെറിയമ്മയെന്ന... വെളുത്ത നേരിയതും മുണ്ടും ധരിച്ചഅമ്മയും.. ..പട്ടിയും....പട്ടിക്കൂടും.....എല്ലാം അതുതന്നെയാവുമോ?....ഈശ്വരാ....
കോളിംഗ് ബെല്ലടിച്ചപ്പോള്‍ ഒരു ഹാഫ് സാരിക്കാരി വന്ന് വാതില്‍ തുറന്നു. അമ്മായിയുടെ പിന്നാലെതാനും കുഞ്ഞമ്മാവനും..... എണ്ണയുടെയും കുഴമ്പിന്റെയും മണമുള്ള മുറിയിലേയ്ക്ക്.... ഒഴുകിനീങ്ങുകയായിരുന്നു താന്‍. മുറിയില്‍ മങ്ങിയ വെളിച്ചമേയുള്ളൂ. ഹാഫ് സാരിക്കാരി ലൈറ്റിട്ടു. “ചെറിയമ്മേ...” അമ്മായി വിളിച്ചു. മെല്ലെ മണ്ണു തുറന്ന് തല പൊന്തിച്ച് ഹാഫ് സാരിക്കാരിയുടെസഹായത്തോടെ തലയിണയില്‍ ചാരിയിരുന്നു... തൂവെള്ള വേഷം ...അതെ...അതു തന്നെ... എന്റെസ്വപ്നത്തിലെ അമ്മ....സുനന്ദ അമ്മായി സ്വയം പരിചയപ്പെടുത്തി, “കാര്‍ത്ത്യായനിയുടെ മോള്.. എത്രകൊല്ലായി കണ്ടിട്ട്”.... രണ്ടു പേരും കണ്ണുതുടച്ചു. “ഈ കുട്ടി?”, വീഴാതിരിയ്ക്കാന്‍ ചുവരില്‍ ചാരി നിന്നഎന്നെ നോക്കി. “എന്നെ മനസ്സിലായില്ലേ?....സ്വപ്നത്തില്‍ എത്രവട്ടം ഞാന്‍...?” വാക്കുകള്‍ പുറത്തേയ്ക്കുവന്നില്ല. കാച്ചെണ്ണയുടെയും അലക്കുമുണ്ടിന്റെയും ആ വാസന... ഇപ്പോള്‍ എണ്ണയുടെയും കുഴമ്പിന്റെയുംസമ്മിശ്രഗന്ധം.... “അനന്തിരവളാ...” കുഞ്ഞ്മ്മാവന്‍ രക്ഷക്കെത്തി. തന്റെ നാവുനിലച്ചുപോയല്ലോ...ഇനിയൊരിക്കലും തനിക്ക് ശബ്ദിക്കാനാവില്ലേ ദേവീ...
“എന്താ പേര്?”
“ഉണ്ണിമായ”...ഭാഗ്യം
, സംസാരശേഷി നശിച്ചിട്ടില്ല.
“അടുത്ത് വാ കുഞ്ഞേ”, തന്റെ വിറയാര്‍ന്ന കൈകള്‍ ആ വൃദ്ധകരങ്ങളിലൊതുങ്ങി. തന്നെ ആ ക്ഷീണിച്ചകണ്ണുകള്‍ തന്നെ കോരിക്കുടിക്കുന്നുവോ?....തന്റെ സ്വപ്നത്തിലെ അമ്മ.
“എന്റെ മോളമ്മയും ഇതുപോലെ... വലിയ കണ്ണൂകളായിരുന്നു.... മെഡിക്കല്‍ കോളേജില്‍ അവസാനകൊല്ലം.... ഒരു മഞ്ഞപ്പിത്തം..ങ്ഹാ...എനിക്കു വിധിച്ചില്ല”...നെടുവീര്‍പ്പ്...കണ്ണ്
വീണ്ടും നിറയുന്നു.
മഴ വീണ്ടും തുടങ്ങി. പട്ടി കുരയ്ക്കുന്നു. ഞെട്ടിത്തെറിച്ചുപോയി ഉണ്ണിമായ. “പെണ്ണേ അതിനെ മാറ്റിക്കെട്ട്... നനയുന്നുണ്ടാവും”, ഹാഫ് സാരിക്കാരി കുടയുമെടുത്ത് പുറത്തേയ്ക്ക്. ഈശ്വരാ...എത്രയോവട്ടംഞാനവനെ അഴിച്ചുകെട്ടിയിട്ടുണ്ട്.
“മോളമ്മ മരിച്ചിട്ടിപ്പൊ...” അമ്മായിയുടെ ചോദ്യം. കുഞ്ഞമ്മാവന്റെ കൂര്‍ത്ത നോട്ടം കൊണ്ട്
മുറിഞ്ഞു. ഈമേടത്തില്‍ 21 കൊല്ലം”... വീണ്ടും ഈറനണിയുന്ന തളര്‍ന്ന കണ്ണുകള്‍.. “അവളുടെ മുറി ഇപ്പോഴുംഅതുപോലെ....ഇടയ്ക്ക് മാറാല നീക്കും, അത്ര തന്നെ”, സ്വപ്നത്തിലെ അമ്മയുടെ സ്വരം....

മുകളിലത്തെ നിലയിലെ ഇടത്തുവശത്തെ മുറിയില്‍...തന്റെ പുസ്തകങ്ങള്‍ ഇപ്പോഴും ഉണ്ടെന്നോ? താന്‍ചുവരില്‍ കോറിയിട്ട
തന്റെ കവിതയെന്ന പൊട്ടത്തരങ്ങള്‍.... anatomy യുടെ diagrams... biochemistry യിലെ ഫോര്‍മുലകള്‍...ഓര്‍ക്കാന്‍ പാടുള്ള medical terms... എല്ലാം? പതുക്കെ മുകളിലേയ്ക്കൊഴുകി.... ചാരിയിട്ടേയുള്ളൂ.... വാതില്‍ തുറന്നകത്തു കയറി...എല്ലാം താന്‍ വച്ചിരുന്നതു പോലെ....college day യ്ക്ക്കിട്ടിയ momento... പഴയ ടൈമ്പീസ്....പുസ്തകങ്ങള്‍... തന്റെ സാരികള്‍...ചെരുപ്പ്...കട്ടിലിനടിയില്‍പൊടിപിടിച്ച്..... കുനിഞ്ഞ് നീക്കിയെടുത്തു....ഇട്ടുനോക്കി... ഇപ്പോഴും പാകം തന്നെ.... മേശവിരിപ്പിനടിയില്‍...? ഉണ്ടല്ലോ..താന്‍ ഒടുവിലെഴുതിയ വരികള്‍....
“നീലത്താമര പൂത്തൊരു കണ്ണില്‍
നീലാകാശം ഞാന്‍ കണ്ടു
ശോണിമയാര്‍ന്നൊരു കവിളിണയില്‍
. .. . . ..
ബാക്കി? എഴുതിയില്ലല്ലോ....എഴുതാന്‍ കഴിയുമോ?
“....ശോണിമയാര്‍ന്നൊരു കവിളിണയില്‍
ശ്യാമവസന്തം ഞാന്‍ കണ്ടു...” എഴുതട്ടേ?
“ഉണ്ണിമായേ”, പെട്ടെന്ന്
താഴേയ്ക്ക്, കൊവണിയിറങ്ങി താഴേ... മോളമ്മയുടെ, അല്ല തന്റെ ചെരുപ്പ്.... അമ്മായി കാണാതെ കൊവനിയുടെഅടിയിലേയ്ക്ക് നീക്കിയിട്ടു. “എവിടെ പോയി കുട്ടീ?“ “ഞാന്‍ വെറുതേ”....ശബ്ദംപുറത്ത് വന്നില്ല....
അമ്മാവന്‍ പുറത്തേയ്ക്കിറങ്ങി. ഒരിക്കല്‍ കൂടി അമ്മയുടെ അടുത്തു ചെന്നു.. “എവിടെ മോളമ്മ?” “ഞാനിവിടെയുണ്ടമ്മേ.....” കണ്ണുനീരാരും കാണാതെയിരിക്കാന്‍ വേഗം കാറില്‍ കയറിയിരുന്നു. അമ്മായിയും വന്നു കാറില്‍ കയറി. “എന്താ ഉണ്ണിമായേ?” “തലവേദന..” കണ്ണടച്ച് ഉറങ്ങിക്കോളൂ”.... പിന്‍സീറ്റില്‍ ചുരുണ്ടുകൂടിക്കിടന്നു തേങ്ങി.. “അമ്മേ...”
എത്രയോ രാത്രികള്‍ കാത്തു കിടന്നു...ആ സ്വപ്നക്കൂടൊന്നു കാണാന്‍... പിന്നീടൊരിക്കലും കണ്ടിട്ടില്ല.... ഒരിക്കലും....സുനന്ദമ്മായി പിന്നീടു വന്നപ്പോള്‍ പറഞ്ഞു, “ഉണ്ണിമായേ, ദേവയാനി ചെറിയമ്മ മരിച്ചു ..... നമ്മളന്നുപോയ....അതിന്റെ പിറ്റേന്നായിരുന്നത്രേ... കാണാന്‍ യോഗമുണ്ടായിരുന്നു...”
അതെ, കാണാന്‍ യോഗമുണ്ടായിരുന്നു.....ആര്‍ക്ക്? ആരെ? .....
. .. . .. .. .. .. .. .. .. .. . .. .. .. ..
അച്ചമ്മേ.... വിളക്കുകൊളുത്തി നാമം ചൊല്ലുന്നില്ലേ...? കുഞ്ഞുലക്ഷ്മി...എന്റെ ഉണ്ണിക്കുട്ടന്റെ മോള്...
“അസതോമാ സത്ഗമയ...
തമസോമാ ജ്യോതിര്‍ഗമയഃ
മൃത്യോമാ അമൃതം ഗമയാ.............

32 comments:

 1. മാനം തകര്‍ത്തു പെയ്യുകയാണ്, മനസ്സിലെ ഓര്മകള്

  ReplyDelete
 2. ഒരു നെടുവീര്‍പ്പോടെ വായിച്ചു തീര്‍ത്തു... നല്ല കഥ

  ReplyDelete
 3. നല്ല കഥ. നന്നായി എഴുതി

  ReplyDelete
 4. നല്ല കഥ,ചേച്ചീ

  ReplyDelete
 5. ‘നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം

  എപ്പോഴും നാട്ടിന്‍പുറം നാട്ടിന്‍പുറം തന്നെ.
  നന്നായി പറഞ്ഞു.

  ReplyDelete
 6. ചില അനുഭവങ്ങള്‍, illusions, സ്വപ്നങ്ങള്‍... വിശദീകരിക്കാന്‍ പറ്റാത്തവ തന്നെ.... തികച്ചും അനുഭവേദ്യമായി...നന്ദി....ആശംസകള്‍...

  ReplyDelete
 7. ലോകാ സമസ്താ സുഖിനോഭവന്തു...!!

  മനോഹരമായി എഴുതി.. വായനയിലുടനീളം മനസ്സില്‍ ഒരു നെടുവീര്‍പ്പ്…!!

  ReplyDelete
 8. കുറച്ചു നേരം ഉണ്ണി മയയോടൊപ്പം സഞ്ചരിച്ച ഒരു പ്രതിതി
  മനോഹരം

  ReplyDelete
 9. nalla kadha, manoharamayi paranjirikkunnu.... swapanathinteyum anubhavathinteyum idanazhiyiloode sancharichu........!!

  ReplyDelete
 10. നല്ല കഥ...ഇഷ്ട്ടായി

  ReplyDelete
 11. നല്ല കഥ ചേച്ചി .. ഒരുപാടു ഇഷ്ട്ടായി

  ReplyDelete
 12. വിഷാദം തുടിക്കുന്ന വരികൾ.. നല്ല ഒഴുക്കോടെ എഴുതിയിരിക്കുന്നു..ആദ്യമായ്‌ വന്നതാണു ഇനിയും വരും..എല്ലാ ആശംസകൾ

  ReplyDelete
 13. “അസതോമാ സത്ഗമയ...
  തമസോമാ ജ്യോതിര്‍ഗമയഃ
  മൃത്യോമാ അമൃതം ഗമയാ............."

  ഭാവുകങ്ങള്‍..

  ReplyDelete
 14. എത്രയോ രാത്രികള്‍ കാത്തു കിടന്നു...ആ സ്വപ്നക്കൂടൊന്നു കാണാന്‍... പിന്നീടൊരിക്കലും കണ്ടിട്ടില്ല.... ഒരിക്കലും....

  ReplyDelete
 15. ഈ പുനര്‍ജ്ജനി കഥ ഇഷ്ടമായി.

  ReplyDelete
 16. ഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും വായിച്ചതിലും സന്തോഷം,

  ReplyDelete
 17. വല്ലാത്തൊരു സബ്ജക്റ്റ് ചേച്ചി, ശ്വാസം അടക്കി വായിച്ചു...

  ReplyDelete
 18. ചേച്ചി ഞാനൊരു വഴിപോക്കനാണ്.
  ഒരു തിരിഞ്ഞുനോട്ടം അല്ലെ...സുമേഷ് പറഞ്ഞത് സത്യാ.  ലോകാ: സമസ്താ:സുഖിനോ ഭവന്തു:

  ReplyDelete
 19. “നീലത്താമര പൂത്തൊരു കണ്ണില്‍
  നീലാകാശം ഞാന്‍ കണ്ടു
  ശോണിമയാര്‍ന്നൊരു കവിളിണയില്‍..
  ബാക്കി..എഴുതുന്നില്ലേ?
  എഴുതണം ...

  ReplyDelete
 20. ജ്യോതിര്‍ഗ്ഗമയ.എപ്പോഴും ഉള്ളിലുണ്ടാവേണ്ട ആശയം.ഭാവന.

  ReplyDelete
 21. നന്നായിരിയ്ക്കുന്നു.
  ആശംസകള്‍!!
  എഴുത്തു തുടരട്ടേ.

  ReplyDelete
 22. നല്ല കഥ ഇഷ്ട്ടപെട്ടു

  ReplyDelete
 23. “അസതോമാ സത്ഗമയ...
  തമസോമാ ജ്യോതിര്‍ഗമയഃ
  മൃത്യോമാ അമൃതം ഗമയാ............"
  നെടുവീര്‍പ്പുകള്‍ക്കൊണ്ടും കഥപറയാം .നല്ല മഴ ...ആ മഴയും ആസ്വദിച്ചു ഞാന്‍

  ReplyDelete
 24. അടുത്ത് വാ കുഞ്ഞേ”, തന്റെ വിറയാര്‍ന്ന കൈകള്‍ ആ വൃദ്ധകരങ്ങളിലൊതുങ്ങി. തന്നെ ആ ക്ഷീണിച്ചകണ്ണുകള്‍ തന്നെ കോരിക്കുടിക്കുന്നുവോ?....തന്റെ സ്വപ്നത്തിലെ അമ്മ.
  ..........മനസ്സിനെ സ്പർശിച്ച കഥ.

  ReplyDelete
 25. “സുനന്ദേ, നമ്മുടെ ദേവയാനിക്കു ദണ്ണം കലശലാണു കേട്ടോ.... പോകുന്ന വഴി ഒന്നു കയറിയിട്ടുപോയ്ക്കോളൂ. മനുഷ്യന്റെ കാര്യമല്ലേ കുട്ടീ! എപ്പോഴാണെന്നാര്‍ക്കറിയാം”
  ലളിതം മനോഹരം ​സുഭദ്രം .ഉന്നതം 

  ReplyDelete
 26. ഒരു വഴിക്ക് പോകുമ്പോള്‍ താങ്കളുടെ ബ്ലോഗിലും കയറി. ഒറ്റനോട്ടത്തില്‍ കഴമ്പുണ്ടെന്ന് തോന്നി.
  വിശദമായി നോക്കിയിട്ടില്ല. പുതിയ പോസ്റ്റിടുമ്പോള്‍ മെയില്‍ ചെയ്യുക.ആശംസകള്‍!

  ReplyDelete