മെന്‍സ്രിയയും പത്തു പൈസയും
ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 379 - തെഫ്റ്റ് അഥവാ മോഷണം . പ്രധാന ഘടകങ്ങൾ - ആക്ട് + മെന്‍സ്രിയ അതായതു ഗിൽറ്റി മൈന്‍ഡ്...... അഥവാ ദുരുദ്ദേശം – ക്രിമിനോളജി പ്രൊഫസർ തകര്‍ക്കുകയാണ് ...... ഉടമസ്ഥന്റെയോ കൈവശക്കാരന്റെയോ സമ്മതം കൂടാതെ ഒരു വസ്തു എടുക്കുന്നതാണ് തെഫ്റ്റ് അഥവാ മോഷണം.....ഉണ്ണിമായക്ക് തല കറങ്ങുന്നത് പോലെ …. താന്‍ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം കുറ്റം ചെയ്തുവെന്നോ?
അതും പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ..... . ഓര്‍ക്കാൻ കൂടി വയ്യ. “…..പണിഷ്മെന്റ് ഫോർ തെഫ്റ്റ് ഈസ് ….” വീണ്ടും പ്രൊഫസർ “.... …മൂന്നു കൊല്ലം തടവോ പിഴയോ രണ്ടും കൂടിയോ ...”, ദൈവമേ!
എന്നാൽ ഏഴു വയസ്സിനു താഴെയുള്ള ഒരാൾ കുറ്റം ചെയ്താൽ ശിക്ഷ ഇല്ല. ഈശ്വരോ രക്ഷതു! ആശ്വാസമായി …അയ്യോ. അല്ല. അന്ന് ഞാന്‍ നാലാം ക്ലാസ്സിലായിരുന്നു. രക്ഷയില്ല… “മാനസിക വൈകല്യമുള്ള ആളും ശിക്ഷര്‍ഹാനല്ല ..” ഈ പ്രൊഫസർ എന്നെ വട്ടാക്കുമെന്നാണ് തോന്നണത് . ഈ ഇന്ത്യന്‍ പീനൽ കോഡ് എന്താ ഭേദഗതി ചെയ്യാത്തത്? സായിപ്പിന്റെ കാലത്തെ പോലെ …. അപ്പോൾ പണിഷ്മെന്റ് എത്രയാ? മൂന്നു കൊല്ലം…. തേവരേ! . .
ആ ദിവസം ഇന്നും ഒരു ചിത്രത്തിലെന്ന പോലെ ഉണ്ണിമായയുടെ മനസ്സിൽ തെളിഞ്ഞു വന്നു. നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലം. സ്കൂളിന്റെ ഗേറ്റിനു അരികിലായി എന്നും 'മാമന്‍' വരും . ഇന്റെര്‍വൽ സമയത്ത് കുട്ടികളൊക്കെ മാമന് ചുറ്റും തടിച്ചു കൂടും. 'പ്രൈസ്' എടുക്കാന്‍. കടലാസ്സ് കൊണ്ടുള്ള ഒരു ബോര്‍ഡിൽ കൊച്ചു കൊച്ചു കളങ്ങൾ പോലെ. ഓരോ കളത്തിലും സമ്മാനങ്ങൾ ഒളിച്ചിരിക്കയാണ്. ആ കളത്തിലെ നമ്പർ നോക്കി മാമന്‍ സമ്മാനം എന്താണെന്നു പറയും …ചിലപ്പോൾ സോപ്പുപെട്ടി, ചിലപ്പോൾ ചീപ്പ് സ്ലൈഡുകൾ, മിഠായി..... അങ്ങനെ കുട്ടികളുടെ മനസ്സിളക്കുന്ന പലതും…. ചിലപ്പോ ഒന്നുമുണ്ടാവില്ല. പക്ഷെ സമ്മാനങ്ങൾ ഒളിച്ചിരിക്കുന്ന ഓരോ കളവും സ്വന്തമാക്കണമെങ്കിൽ പൈസ കൊടുക്കണം. പൈസ കൊണ്ടുവരുന്ന കുട്ടികൾ പ്രൈസ് എടുക്കും …. ഉണ്ണിമായ എന്നും കാഴ്ചക്കാരി ആയിരുന്നു . …
ഒരു ദിവസം പെട്ടെന്നാണ് ഉണ്ണിമായ അവനെ കണ്ടത്… മുത്തശ്ശിയുടെ മുണ്ട് വയ്ക്കുന്ന കാൽപ്പെട്ടിയുടെ ചെറിയ അറയിൽ. ഉണ്ണിമായയുടെ മനസ്സിൽ പ്രേമത്തിന്റെ വിത്ത് പാകിക്കൊണ്ട് അവന്‍ ചിരിച്ചു . അവനും കിട്ടി ഒരു ഗൂഡ മന്ദസ്മിതം. ഉണ്ണിമായ കാത്തിരുന്നു. ഓരോ ദിവസവും സന്ധ്യാ നേരത്ത് തിരി തെറുക്കാന്‍ മുത്തശ്ശി കാൽപ്പെട്ടി തുറക്കും. അപ്പോഴൊക്കെ അവനും ഉണ്ണിമായയും പരസ്പരം നോക്കി ചിരിച്ചു. ചെറിയ അറയിൽ ഉണ്ണിമായയുടെ കരലാളനതിനായി അവന്‍ കാത്തു കിടന്നു.
ഒരു പത്തു പൈസ തുട്ട് . ഒരു ഞായറാഴ്ച …. സന്ധ്യക്ക് മുത്തശ്ശി പെട്ടി തുറന്നപ്പോൾ ഉണ്ണിമായ അവനെ സ്വന്തമാക്കി. മഷി തണ്ടും സ്ലേറ്റ് പെന്‍സിലും വയ്ക്കുന്ന ഉണ്ണിമായയുടെ പെന്‍സിൽ ബോക്സിൽ അവനുറങ്ങി ഇടക്കൊക്കെ അവന്റെ ഉറക്കം തടസ്സപ്പെടുത്തിക്കൊണ്ട് ഉണ്ണിമായ അവനെ ലാളിച്ചു.
പിറ്റേന്ന് രാവിലെ ആരും വിളിച്ചുണര്‍ത്താതെ തന്നെ ഉണ്ണിമായ ഉണര്‍ന്നു റോസ് നിറത്തിലുള്ള ഫ്രോക്കാണ് അണിയാന്‍ തോന്നിയത് . നല്ല ഭംഗിയുള്ള ഫ്രോക്കാണ്. ഓണത്തിന് വക്കീലമ്മാവന്‍ സമ്മാനിച്ചത് . …നേരത്തെ തന്നെ സ്കൂളിലേക്ക് പുറപ്പെട്ടു.
ഗേറ്റിങ്കൽ മാമനില്ല. ഉണ്ണിമായക്ക് കരച്ചിൽ വന്നു . സുവര്‍ണയോടു തിരക്കി. 'വരും വരാതിരിക്കില്ല. എന്തിനാ?' ഉണ്ണിമായ ചിരിച്ചു… . 'കുട്ടീടെ കൈയ്യിൽ പൈസയുണ്ടോ?' മിക്കവാറും പൈസ കൊണ്ടുവരുന്ന കുട്ടിയാണ് സുവര്‍ണ. ദരിദ്രവാസിയായ തന്നെ അവജ്ഞയോടെ നോക്കുകയാണ് …. ഉണ്ണിമായ മനസ്സിൽ ചിരിച്ചു . 'ഇന്ന് ആരും പ്രൈസ് എടുക്കണ്ട. ഞാന്‍ മാത്രം മതി . ബെല്ലടിച്ചാൽ ഉടനെ പോണം' . അന്നത്തെ പാഠങ്ങളൊന്നും ഉണ്ണിമായ കേട്ടില്ല. ബെല്ലടിക്കാന്‍ കാത്തിരുന്നു….
ണിം..... ണിം...... ണിം..... ഉണ്ണിമായ ഒറ്റ ഓട്ടം .. മാമന്‍ ഗേറ്റിലുണ്ട്. ഓടിച്ചെന്നു. പ്രൈസ് എടുക്കാന്‍ … ഒന്ന്, രണ്ട്, മൂന്ന്, എണ്ണം ഓര്‍മയില്ല …. ഉണ്ണിമായ സമ്മാനങ്ങൾ വാരിക്കൂട്ടി . ഇടയ്ക്ക് നിരാശയായെങ്കിലും. എല്ലാ കള്ളികളും ഇളക്കിയെടുത്തു. ഒന്നും ബാക്കി വയ്ക്കാതെ . … ചുറ്റും കുട്ടികൾ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു . ഒടുവിൽ ഒരു ജേതാവിനെപ്പോലെ …പെന്‍സിൽ ബോക്സ് തുറന്ന് ഉണ്ണിമായ അവനെ സ്നേഹപൂര്‍വ്വം പുറത്തെടുത്തു. മാമന് നേരെ നീട്ടി. "പത്തു പൈസയോ? ഒരുറുപ്പിക വേണം" "അതെന്തിനാ?" ഉണ്ണിമായ അന്തം വിട്ടു. ഒരുറുപ്പിക ഉണ്ണിമായ കണ്ടിട്ടുണ്ട് തൊട്ടുനോക്കിയിട്ടുപോലുമില്ല .
'എന്താ കുട്ടീ …തമാശ കളിക്കുന്നോ?' മാമന്റെ മട്ടുമാറി. "ഒരുറുപ്പിക…ഇപ്പകിട്ടണം" മാമന്‍ തറപ്പിച്ചു പറഞ്ഞു. താനെന്നും കാണാന്‍ കൊതിച്ചിരുന്ന മാമൻ ഒരു രാക്ഷസനെ പോലെ തന്റെ കൈയ്യിൽ കടന്നു പിടിച്ചു . പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒരു ജാഥയുടെ അകമ്പടിയോടെ തന്നെ കൊണ്ട് പോവുകയാണ് .... കൂട്ടുകാരെല്ലാം വഞ്ചകരാന്നെന്ന സത്യം അന്നു മനസ്സിലായി . കൈകൊട്ടി ആര്‍ത്തു ചിരിച്ച് .. ഒരു ഭ്രാന്തനെ, അല്ല ഭ്രാന്തിയെ എന്നപോലെ ഉണ്ണിമായയെ അവർ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയാണ് . ഈശ്വരാ! … ഉണ്ണിമായ ഭയന്ന് നിലവിളിച്ചു . മര്യാദയ്ക്ക് നടക്ക് … ഇതിനെയൊക്കെ പള്ളിക്കൂടത്തിൽ അയക്കുന്നവരെ വേണം തല്ലാന്‍ .. നല്ല കുലത്തിലും നായ പിറക്കുമാത്രേ….. ഒരു ഭ്രാന്തന്‍ നായയെ പോലെ.. തന്നെ…. ഈശ്വരാ! …ഒന്നും ഓര്‍ക്കാൻ വയ്യാ .
മുത്തശ്ശി പറഞ്ഞ കഥയിലെ സീതാദേവിയെപ്പോലെ ഭൂമിക്കടിയിലേക്ക്. ഭൂമി ദേവി സീതയുടെ അമ്മയാണത്രേ തനിക്കും അമ്മയുണ്ടായിരുന്നെങ്കിൽ ……ബോധം മറയാറായപ്പോൾ വീട്ട് മുറ്റത്തെത്തി. തേവരെ! … വരാന്തയിലെ ചാരുകസേരയിൽ മുത്തശ്ശൻ…. തൂക്കികൊല്ലുമായിരിക്കും … കണ്ണടക്ക് മുകളിലൂടെ നോക്കുന്നു. വലിയ വടിയും അടുത്തുതന്നെ ഉണ്ട്. ഉണ്ണിമായ തളര്‍ന്നു വീഴാറായി.
അപ്പോഴാണ് അകത്തെ മുറിയില്‍ നിന്ന് വക്കീലമ്മാവൻ പുറത്തേക്കു വന്നത് 'ഇതാര് ? മായക്കുട്ടിയോ?' തന്നോട് വലിയ സ്നേഹമാണ് . 'എന്തുണ്ടായി?' ...പുറകിലെ ജാഥക്കും മുന്നിലെ "മാമന്‍" നേതാവിനും അഭിവാദനങ്ങൾ അര്‍പ്പിക്കാതെ അമ്മാവന്‍ തന്നെ വാരിയെടുത്തു. കണ്ണുകൾ ഇറുകെ അടച്ചു വേതാളത്തെപോലെ അമ്മാവന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു കിടന്നു….…. വക്കീലമ്മാവൻ കേസ് കോമ്പ്രമൈസ് ആക്കി. ഒരുറിപ്പിക രക്ഷസന് കൊടുത്തു പറഞ്ഞയച്ചു . അയാൾ പറയുന്ന കേട്ടു "വക്കീല്‍ സാർ കുട്ടിയെ ഗുണദോഷിക്കണമെന്ന്" 'ചെറിയ കുട്ടിയല്ലേ അതിനുകണക്കൊന്നും അറിയില്ല' "ഇത്രയൊക്കെ ചെയ്യാനറിയാമല്ലോ " ഉണ്ണിമായ ഒന്നുകൂടി ഇറുക്കി കണ്ണടച്ചു. തൂക്കി കൊല്ലുന്നത് കാണാന്‍ വന്ന ജാഥ നിരാശരായി മടങ്ങി.
അന്നുച്ചയ്ക്ക് ശേഷം ഉണ്ണിമായ സ്കൂളിൽ പോയില്ല. ആരോടും ഒന്നും മിണ്ടിയില്ല … ആരും ഒന്നും മിണ്ടിയില്ല. വൈകുന്നേരം മുത്തശ്ശി ചായയും അടയും തന്നു. മേൽ കഴുകി നാമം ചൊല്ലാന്‍ പറഞ്ഞു . തിരി തെറുക്കാന്‍ നേരം കാൽപ്പെട്ടിയുടെ അടുത്ത് പോയില്ല. പോയാലും ഒന്നും കാണാന്‍ പറ്റില്ല. സദാ കണ്ണ് നിറഞ്ഞിരുന്നു . തലേൽ തലോടി ഉമ്മ തന്നിട്ടു മുത്തശ്ശി പറഞ്ഞു, "മക്കളെ, ഒന്നും ചോദിക്കാതെ എടുക്കരുത് ഒരിക്കലും ..."
"ഇല്ല" എന്നു പറയാന്‍ നാവു പൊന്തിയില്ല . … കണ്ണ് നിറഞ്ഞൊഴുകി ……മുത്തശ്ശിയെ കെട്ടിപ്പിടിച്ചു തേങ്ങി. "മാപ്പ് … മാപ്പ് ..."
“What is the punishment for theft ?... Unnimaaya”.
ഉണ്ണിമായ അന്തം വിട്ടു… കുട്ടികൾ തന്നെ തന്നെ നോക്കുകയാണ്.
"എനിക്ക് മെന്‍സ്രിയ ഇല്ലായിന്നു", ഉണ്ണിമായ പറഞ്ഞു. ക്ലാസ്സിൽ ആര്‍ത്തു ചിരി …. പ്രൊഫസർ ചിരി അടക്കി.
“What is the punishment for theft ?... Unnimaaya”.
ഉണ്ണിമായ അന്തം വിട്ടു… കുട്ടികൾ തന്നെ തന്നെ നോക്കുകയാണ്.
"എനിക്ക് മെന്‍സ്രിയ ഇല്ലായിന്നു", ഉണ്ണിമായ പറഞ്ഞു. ക്ലാസ്സിൽ ആര്‍ത്തു ചിരി …. പ്രൊഫസർ ചിരി അടക്കി.
മെന്‍സ്രിയയും പത്തു പൈസയും.....
ReplyDeleteഇതു കൊള്ളാം...നിയമത്തിലെ കൊച്ചു കൊച്ചു നുറുങ്ങുകൾ ഇങ്ങനെ പങ്കു വച്ചാൽ ഓർത്തിരിക്കാൻ സൌകര്യമാവും...
ReplyDeleteരസകരവും ഗൃഹാതുരത്വവും നിണഞ്ഞ ശൈലി...നന്നായിട്ടുണ്ട്...
ആശംസകൾ....
Vitamin?
ReplyDeletenannaayi ezhuthi
ReplyDeletepavam unnimaya...
good one madam. expecting more from you..
ReplyDelete